English| മലയാളം

ആമുഖം

ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിലാണ് മാവേലിക്കര നഗരസഭ സ്ഥിതി ചെയ്യുന്നത്. മാവേലിക്കര വില്ലേജില്‍ പൂര്‍ണ്ണമായും, കണ്ണമംഗലം, തഴക്കര എന്നീ വില്ലേജുകളില്‍ ഭാഗികമായും വ്യാപിച്ചുകിടക്കുന്ന മാവേലിക്കര നഗരസഭയ്ക്ക് 12.65 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ചെന്നിത്തല പഞ്ചായത്തും, കിഴക്കുഭാഗത്ത് തഴക്കര പഞ്ചായത്തും, തെക്കുഭാഗത്ത് തെക്കേക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെട്ടികുളങ്ങര പഞ്ചായത്തുമാണ് മാവേലിക്കര നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍. കേരളത്തിലെ 13 കാര്‍ഷിക കാലാവസ്ഥാ മേഖലകളിലൊന്നായ ഓണാട്ടുകര മേഖലയുടെ ഭാഗമാണ് മാവേലിക്കര നഗരപ്രദേശം. സമുദ്രനിരപ്പില്‍ നിന്നും ഇരുപത്തിയഞ്ച് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും സമതലസ്വഭാവമുള്ളതുമായ ഭൂപ്രദേശമാണ് മാവേലിക്കര. ചെളി ചേര്‍ന്ന മണല്‍മണ്ണും, ചെങ്കല്ലു ചേര്‍ന്ന ചെമ്മണ്ണും, പൂഴിമണ്ണുമാണ് നഗരസഭാ പ്രദേശത്ത് പൊതുവേ കാണപ്പെടുന്ന മണ്ണിനങ്ങള്‍. പടിഞ്ഞാറുനിന്നും കിഴക്കോട്ട് പൊതുവേ ചെരിവുള്ളതും സമതലവുമാണ് മാവേലിക്കര നഗരം. മധ്യതിരുവിതാംകൂറില്‍ അച്ചന്‍ കോവിലാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന പട്ടണമാണ് മാവേലിക്കര. മാവേലിക്കരയുടെ ചരിത്രം പഴയ ഓടനാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. കടപ്ര മുതല്‍ കന്നേറ്റി വരെ വ്യാപിച്ചുകിടന്ന ഓടനാടിന്റെ ആദ്യ തലസ്ഥാനം മറ്റം ആയിരുന്നു. പണ്ടുകാലത്ത് മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം. മാര്‍ത്താണ്ഡവര്‍മ്മയുടെ ദളവയും സര്‍വ്വസൈന്യാധിപനുമായി നിയമിതനായ രാമയ്യന്‍ മാവേലിക്കരയിലായിരുന്നു താമസമാക്കിയിരുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മാവേലിക്കര ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. “മാ” എന്നാല്‍ മഹാലക്ഷ്മി എന്നാണ് അര്‍ത്ഥം. വേലി എന്നാല്‍ അതിര്, കാവല്‍ എന്നിങ്ങനെയും. മാവേലിക്കര എന്നാല്‍ ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവല്‍ നില്‍ക്കുന്ന ദേശം എന്നാണ് അര്‍ത്ഥമെന്ന് ഇത് സൂചിപ്പിക്കുന്നു. മറ്റൊരു നിഗമനം ഇങ്ങനെയാണ്; “മാ” എന്നാല്‍ ഇല്ലാത്തത് എന്നര്‍ത്ഥം. അപ്പോള്‍ മാവേലിക്കര എന്നാല്‍ വേലികളില്ലാത്ത കര അഥവാ അതിരുകളില്ലാത്തത്ര വിസ്തൃതമായ പ്രദേശം എന്നര്‍ത്ഥം. 1913-ല്‍ മാവേലിക്കര ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി നിലവില്‍ വന്നു. 1919-ല്‍ റെഗുലേഷന്‍ 5 അനുസരിച്ച് നഗരസഭയായി ഉയര്‍ത്തി. നികുതിദായകര്‍ക്കു മാത്രം വോട്ടവകാശം നല്‍കി.സുപ്രസിദ്ധ ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ മകന്‍ രാമവര്‍മ്മരാജയായിരുന്നു ആദ്യ പ്രസിഡന്റ്.

 

പൊതുവിവരങ്ങള്‍

 

ജില്ല                                          : ആലപ്പുഴ 
വിസ്തീര്‍ണ്ണം                                : 12.65 ച.കി.മി
കോഡ്                                      : M040200
വാര്‍ഡുകളുടെ എണ്ണം                  : 28
ജനസംഖ്യ                                 : 28440
പുരുഷന്മാര്‍‍                               : 13499
സ്ത്രീകള്‍‍                                     : 14941
ജനസാന്ദ്രത                               : 2237
സ്ത്രീ : പുരുഷ അനുപാതം              : 1082
മൊത്തം സാക്ഷരത                    : 96.7
സാക്ഷരത (പുരുഷന്മാര്‍ )             : 97.9
സാക്ഷരത (സ്ത്രീകള്‍ )                   : 95.6
Source : Census data 2001

Secretary : P. Muraleedharan

 

map