English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

മധ്യതിരുവിതാംകൂറില്‍ അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന പട്ടണമാണ് മാവേലിക്കര. മാവേലിക്കരയുടെ ചരിത്രം പഴയ ഓടനാടുമായി ബന്ധപ്പെട്ടു കിടക്കുന്നു. കടപ്ര മുതല്‍ കന്നേറ്റി വരെ വ്യാപിച്ചുകിടന്ന ഓടനാടിന്റെ ആദ്യ തലസ്ഥാനം മറ്റം ആയിരുന്നു. പൌരാണികകാലത്ത് ആയക്കുടി തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന “ആയ്” രാജ്യത്തിന്റെ രാജ്യാതിര്‍ത്തി കന്യാകുമാരി മുതല്‍ തിരുവല്ല വരെ വ്യാപിച്ചിരുന്നു. ആയ് രാജ്യത്തിന്റെ സാമന്ത രാജ്യമായിരുന്ന ഓടനാട്ടു രാജ്യത്തിലെ ഒരു പ്രവിശ്യയായിരുന്നു മാടത്തിന്നൂര്‍. പ്രസ്തുത പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു പ്രാചീനകാലത്ത് മാവേലിക്കര. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ദളവയും സര്‍വ്വസൈന്യാധിപനുമായിരുന്ന രാമയ്യന്‍ മാവേലിക്കരയിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. മാവേലിക്കര എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളുണ്ട്. “മാ” എന്നാല്‍ മഹാലക്ഷ്മി എന്നൊരു അര്‍ത്ഥമുണ്ട്. വേലി എന്ന പദത്തിനാകട്ടെ “കാവല്‍” എന്ന അര്‍ത്ഥവും. ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവല്‍ നില്‍ക്കുന്ന ദേശം എന്ന അര്‍ത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന ഐതിഹ്യത്തിനു പിന്നിലെ കഥ ഇതാണ്. എന്നാല്‍ വ്യക്തവും, യുക്തിഭദ്രവുമായ മറ്റൊരു നിഗമനം ഇങ്ങനെയാണ്. “മാ” യും “വേലി”യും സംഘകാലത്തെ അളവുകോലുകള്‍ ആയിരുന്നുവത്രെ. അതിനാല്‍ അളന്നാല്‍ തീരാത്തത്ര നെല്ലു വിളയുന്ന സ്ഥലം അഥവാ അതിരില്ലാത്തത്ര വിസ്തൃതമായ കര എന്ന അര്‍ത്ഥത്തില്‍ മാവേലിക്കര എന്ന സ്ഥലനാമമുണ്ടായി എന്നു കരുതാം. കൂടല്ലൂര്‍ ദേശത്ത് ഭരണം നടത്തിയിരുന്ന മാവേലി രാജവംശത്തിന്റെ അധികാരാതിര്‍ത്തിയിലുള്‍പ്പെട്ടിരുന്ന സ്ഥലമായതിനാലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന് വ്യത്യസ്തമായ മറ്റൊരു അഭിപ്രായവും കേള്‍ക്കുന്നുണ്ട്. ഏതായാലും മാവേലിക്കരയും ഐതിഹ്യകഥാപാത്രമായ മഹാബലിയും തമ്മില്‍ കടലും കടലാടിയും പോലുള്ള ബന്ധമേയുള്ളൂവെന്നാണ് ചരിത്രമതം. കേരളത്തെ സംബന്ധിച്ചുള്ള പുരാതന ചരിത്രരേഖകളില്‍ മാവേലിക്കരയെ പരാമര്‍ശിക്കുന്ന ചരിത്രസൂചനകളാരംഭിക്കുന്നത് മേല്‍പ്പറഞ്ഞ മാടത്തിന്നൂര്‍ രാജവംശത്തില്‍ നിന്നാണ്. ഓടനാട് എന്നതിനു പുറമേ, ഓണനാട് എന്നും മാവേലിക്കര അറിയപ്പെടുന്നു. ഫലഭൂയിഷ്ഠമായ പ്രദേശമായതിനാലായിരിക്കണം ഓണനാട് എന്നു വിളിച്ചിരുന്നത് എന്നാണ് വിശ്വാസം. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് ദളവയും സര്‍വ്വസൈന്യാധിപനുമായി നിയമിതനായ രാമയ്യന്‍ മാവേലിക്കരയിലെ ഇടശ്ശേരി ശങ്കര മാര്‍ത്താണ്ഡന്‍ ഉണ്ണിത്താന്റെ സഹോദരിയെ വിവാഹം കഴിച്ച് ഇവിടെ താമസം ഉറപ്പിച്ചതോടെയാണ് മാവേലിക്കരയുടെ ചരിത്രത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നത്. പത്തൊമ്പത് വര്‍ഷത്തോളം ദിവാനായിരുന്ന രാമയ്യന്റെ കാലത്ത് മാവേലിക്കര തിരുവിതാംകൂറിന്റെ വാണിജ്യ സാമ്പത്തിക തലസ്ഥാനമായി മാറി. അരൂര്‍ വരെയുള്ള പ്രദേശങ്ങള്‍ രാമയ്യന്‍ വേണാടിനോട് കൂട്ടിച്ചേര്‍ത്തു. ഹൈദരാലിയും ടിപ്പുവും കേരളത്തില്‍ ആക്രമണങ്ങള്‍ നടത്തിയ കാലത്ത്, കോലത്തിരി രാജകുടുംബങ്ങള്‍ മലബാറില്‍ നിന്നും തെക്കന്‍ കേരളത്തിലേക്ക് വരുവാന്‍ നിര്‍ബന്ധിതരാകുകയും, അങ്ങനെ മാവേലിക്കരയിലെത്തിയ രാജകുടുംബം മാവേലിക്കര രാജകുടുംബം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മാവേലിക്കര ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലനാമങ്ങളോട് ചേര്‍ത്ത് കാവ്, കുളങ്ങര, പള്ളി എന്നീ ശബ്ദങ്ങളുടെ പ്രയോഗവും, ബുദ്ധമതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതെന്ന് കരുതപ്പെടുന്ന ദേവീക്ഷേത്രങ്ങളിലെ കെട്ടുകാഴ്ചകളും മറ്റും ഇവിടെ ഒരുകാലത്ത് ബുദ്ധമതത്തിനുണ്ടായിരുന്ന പ്രചാരം വിളിച്ചറിയിക്കുന്നതാണ്. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പാരമ്പര്യത്തെ സമ്പന്നമാക്കിയ കേരളപാണിനി എ.ആര്‍ രാജരാജവര്‍മ്മ, ലോകപ്രശസ്ത ചിത്രകാരനായ രാജാരവിവര്‍മ്മ എന്നിവരുടെ കര്‍മ്മമണ്ഡലമായിരുന്നു ഏറെക്കാലം മാവേലിക്കര. മൃദംഗവിദ്വാന്‍മാരായിരുന്ന പത്തരാശ്ശാന്‍ , മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ , മാവേലിക്കര വേലുക്കുട്ടി നായര്‍ , മാവേലിക്കര ശങ്കരന്‍കുട്ടി നായര്‍, മാവേലിക്കര നാണുക്കുട്ടന്‍, സിനിമാനടനും സാഹിത്യകാരനുമായിരുന്ന ആര്‍ നരേന്ദ്രപ്രസാദ്, നാടകകലാരംഗത്തെ പ്രഗത്ഭമതികളായിരുന്ന മാവേലിക്കര പൊന്നമ്മ, സി.കെ.രാജം, സംഗീത വിദ്വാന്‍ മാവേലിക്കര രാമനാഥന്‍, പ്രഭാകരവര്‍മ്മ എന്നിങ്ങനെ നൂറുകണക്കിന് കലാകാരന്‍മാര്‍ക്കും, സാഹിത്യകാരന്‍മാര്‍ക്കും ജന്മം നല്‍കാന്‍ ഭാഗ്യമുണ്ടായ നാടാണിത്. മധ്യ തിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രദേശം ആദ്യകാലം മുതല്‍ തന്നെ ആധുനിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു. 1915-ല്‍ ചിത്രകലാപഠനത്തിനു വേണ്ടി മാത്രം സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ചിത്രകലാ വിദ്യാലയമാണ് രവിവര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ്. റാണി ഗൌരി പാര്‍വ്വതീ ഭായിയുടെ വിളംബരപ്രകാരം 1816-ല്‍ തുടങ്ങിയ വെര്‍ണാക്കുലര്‍ സ്കൂളാണ് മാവേലിക്കരയില്‍ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്. നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ബോയ്സ് ഹൈസ്കൂള്‍. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കണ്ടിയൂര്‍ ശ്രീനിവാസന്‍ പിള്ള, എം.വി.രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ഖാദി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിലും ഉപ്പു സത്യാഗ്രഹത്തിലും എം.ജി.വേലായുധന്‍ പിള്ള, ശങ്കരപിള്ള, മാധവന്‍ പിള്ള തുടങ്ങി നിരവധി സമരസേനാനികള്‍ പങ്കെടുക്കുകയുണ്ടായി. രാജഭരണകാലത്ത് ജലഗതാഗതമാണ് ഏറെയും പ്രചാരത്തിലുണ്ടായിരുന്നത്. അച്ചന്‍ കോവിലാറ്റില്‍ നിന്നും കോട്ടതോട് വഴി യാത്രാവഞ്ചികളും കെട്ടുവള്ളങ്ങളും നഗരഹൃദയത്തില്‍ വരെ എത്തിയിരുന്നു. 1956-ഓടു കൂടി റെയില്‍ ഗതാഗതം നിലവില്‍ വന്നു. സ്റ്റേറ്റ് ഹൈവേ ഈ പട്ടണം വഴി കടന്നു പോകുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും, ക്രിസ്ത്യന്‍-മുസ്ലീം പള്ളികളും ഇവിടുത്തെ സാംസ്കാരിക വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കണ്ടിയൂര്‍ മഹാദേവക്ഷേത്രം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പുതിയകാവ് ദേവീക്ഷേത്രം, തട്ടാരമ്പലം ദേവീക്ഷേത്രം തുടങ്ങി നിരവധി പ്രസിദ്ധമായ ഹൈന്ദവാരാധനാലയങ്ങള്‍ ഈ പട്ടണത്തിലുണ്ട്. കണ്ടിലൂരിലായിരുന്നു ആദ്യത്തെ ക്രൈസ്തവ ദേവാലയം സ്ഥാപിതമായത്. 1960-ലാണ് ഇന്ന് കാണപ്പെടുന്ന മുസ്ലീം ദേവാലയം നിര്‍മ്മിച്ചത്.